ഫറോക്ക്: ഞായറാഴ്ച്ച നല്ലളത്തെ പല വീടുകളും അല്പനേരത്തേക്കു കോടതിയായി. നോക്കിനിൽക്കെ മുറ്റവും വരാന്തയും അഭിഭാഷകരെക്കൊണ്ട് നിറഞ്ഞു. വീട്ടുകാർ തെല്ലിട ആലോചിച്ചുനിൽക്കേ വിരുന്നുകാർ പറഞ്ഞു എൽഡിഎഫിന്റെ സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിന് വോട്ട് ചെയ്യണം. അതോടെ എല്ലാവരുടെയും മുഖത്ത് സന്തോഷവും പുഞ്ചിരിയും.

തങ്ങളുടെ സുഹൃത്തുകൂടിയായ മുഹമ്മദ് റിയാസിന് വോട്ടഭ്യർത്ഥിക്കാൻ എത്തിയതായിരുന്നു കോഴിക്കോട്ടെ അഭിഭാഷക സംഘം. മുപ്പതോളം പേരുള്ള സംഘമാണ് ഞായറാഴ്ച രാവിലെ നല്ലളത്തെ വീടുകൾ കയറി എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ടു തേടിയത്. രാവിലെ എട്ടു മണിക്ക് തുടങ്ങി 11 വരെ നല്ലളം ഭാഗത്തെ നൂറിലധികം വീടുകളിൽ വീട്ടുകാരെ നേരിൽകണ്ട് അഭിഭാഷകർ വോട്ടഭ്യർത്ഥിച്ചു.

വക്കീലുകൂടിയായ സ്ഥാനാർഥി മുഹമ്മദ് റിയാസ് കേസ് നടത്താൻ കോടതിയിൽ പോകാറില്ലെങ്കിലും അദ്ദേഹം എന്നും കോഴിക്കോട്ടെ അഭിഭാഷകർക്കൊപ്പമാണെന്ന് വോട്ടു തേടിയെത്തിയ അഭിഭാഷക സംഘം പറഞ്ഞു. എല്ലാ വീടുകളിൽനിന്നും വളരെ സ്‌നേഹപൂർവമായ പ്രതികരണമാണ് ഉണ്ടായതെന്നും റിയാസിനെക്കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂവെന്നും അവർ പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് എം കെ ദിനേശൻ, മുതിർന്ന അഭിഭാഷകൻ എടത്തൊടി രാധാകൃഷ്ണൻ, ജോജോ സിറിയക്ക്, കെ പി അശോക് കുമാർ, സി എം ജംഷീർ, രമ്യ, പി എ അഭിജ, കെ സാജിത , ജിതിൻ പൂക്കോട്ട്, അഡ്വ. എം വി ഷാജി എന്നിവരും കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സാറ ജാഫറും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *