പാർട്ടിയിൽനിന്ന് അവധിയെടുത്തതിൽ വിശദീകരണവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. അവധിക്ക് അപേക്ഷിച്ചെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അപേക്ഷിച്ചത്. രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല. മുന്നണി വിടാനുമില്ല. ചവറയിലെ തോല്‍വി രാഷ്ട്രീയ കാരണങ്ങളാലല്ല. സാമുദായിക പ്രശ്നങ്ങളുണ്ട്. യുഡിഎഫ് തീരുമാനങ്ങള്‍ വൈകുന്നു. കോണ്‍ഗ്രസ് ശൈലി തിരുത്തണമെന്നും ഷിബു പറഞ്ഞു.
ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ പോകുന്ന ആര്‍എസ്പിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് താന്‍ തള്ളിവിടില്ലെന്നും എന്നും ആര്‍എസ്പിക്കാരനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ച് നാളത്തേക്ക് സംഘടനാ രംഗത്ത് നിന്ന് നേതൃപരമായി നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും എന്റെ പാര്‍ട്ടി സമിതിയോട് ആവശ്യപ്പെട്ടു. അവധി അംഗീകരിച്ചിട്ടില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കണമെങ്കില്‍ സമയം എടുത്തോളൂവെന്നാണ് പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നതടക്കമുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണ്. എന്നും ആര്‍എസ്പിക്കാരനായി ഉണ്ടാവും. ആര്‍എസ്പി ഇന്നൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. അതിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ഒരു നടപടിയും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്.’ ഷിബു ബേബി ജോണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *