വ്യാജ വീഡിയോ, കള്ളവോട്ട് ആരോപണങ്ങളില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അശ്ലീല വീഡിയോ പരാമര്‍ശത്തില്‍ തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

വ്യാജ നിര്‍മ്മിതികള്‍ കൊണ്ടാണ് സിപിഎം രാഷ്ടീയ എതിരാളികളെ നേരിടുന്നത്. സ്വന്തം നേതാക്കള്‍ക്കെതിരെയും മുമ്പ് ടിപി ചന്ദ്രശേഖരനടക്കമുള്ള എതിരാളികള്‍ക്കെതിരെയും സിപിഎം വ്യാജ നിര്‍മ്മിതികളുപയോഗിച്ചു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ താഴെ ഒളിക്യാമറ വെച്ച ആളുകളാണ്. ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരനെതിരെ വ്യാജ രേഖ നിര്‍മ്മിച്ചയാളുകളാണ്. ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന ഇന്നോവ കാറില്‍ മാഷാ അള്ളാ എന്ന് സ്റ്റിക്കറൊട്ടിച്ച് മുസ്ലീംവിഭാഗക്കാരാണ് കൊന്നതെന്ന് വരുത്തിത്തീര്‍രക്കാന്‍ ശ്രമിച്ചവരാണ്. അത് കോണ്‍ഗ്രസിന്റെ രീതിയല്ല. വ്യാജ വീഡിയോ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടിച്ചാല്‍ അതില്‍ സിപിഎം നേതാക്കളുമുണ്ടാകുമെന്നുറപ്പാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരിലുണ്ട്. ആരാണ് വ്യാജ വീഡിയോ നിര്‍മ്മിച്ചതെന്ന് കണ്ടെത്തണം. വിഡീയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുകയാണ് സിപിഎം. അത് ജനങ്ങള്‍ മനസിലാക്കും. – പ്രതിപക്ഷ നേതാവ് പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാപകമായി ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഒരു വശത്ത് മന്ത്രിമാരും നേതാക്കളും വന്ന് ഭരണ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് വ്യാജ വോട്ട് ശ്രമവും നടക്കുന്നു. വ്യാജ വോട്ട് തടയാന്‍ എല്ലാ ശക്തിയോടെയും യുഡിഎഫ് ശ്രമിക്കും. സ്ഥലത്തില്ലാത്തവരുടെ, മരണമടഞ്ഞവരുടെ അടക്കം ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് യുഡിഎഫ് നാളെയോട് നല്‍കും. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമം എല്ലാവിധേനെയും തടയും. തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ യുഡിഎഫിന്റെ ഭൂരിപക്ഷം കുറക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

മോശം പ്രതിപക്ഷ നേതാവെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശത്തെ പരിഹസിച്ച വിഡി സതീശന്‍, പിസി തന്നെ കുറിച്ച് നല്ലതൊന്നും പറയരുതേ എന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും പറഞ്ഞു. അക്കാര്യത്തില്‍ താന്‍ ദൈവത്തോട് നന്ദിപറയുകയാണ്. പി സി ജോര്‍ജ്ജും ഇടതുപക്ഷവും തമ്മില്‍ കൂട്ടുകെട്ടാണെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മുമായി അദ്ദേഹം ധാരണയുണ്ടാക്കിയിട്ടുണ്ട്. അറസ്റ്റ് ധാരണയുടെ ഭാഗമാണ്. അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് സിപിഎം ശ്രമിച്ചത്. പിസി ജോര്‍ജിനെ കൊണ്ട് വര്‍ഗീയത പറയിപ്പിക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *