കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിനെ ചോദ്യം ചെയ്യും. ക്വട്ടേഷന്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് സജീഷിന് നോട്ടീസ് നല്‍കി. ഡിവൈഎഫ്‌ഐ ചെമ്പിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറിയായിരുന്നു സജീഷ്. സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചത് സജേഷിന്റെ കാര്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് ഡിവൈഎഫ്ഐ സജേഷിനെ പുറത്താക്കി. പിന്നാലെ, സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡും ചെയ്തു.
അതേസമയം, സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ തെളിവുകളെല്ലാം നശിപ്പിച്ചതായി അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ അര്‍ജുന്‍ പറഞ്ഞു. ഇന്നലെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അര്‍ജുന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ ഹാജരായത്. അര്‍ജുനെ ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും.