വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനായി കെഎസ്ഇബി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. 2017-18 സാമ്പത്തിക വര്‍ഷത്തെ ആകെ 13,865 കോടി രൂപ ചെലവ് വന്ന കണക്കാണ് വൈദ്യുതിബോര്‍ഡ് റെഗുലേറ്ററി കമ്മീഷനില്‍ സമര്‍പ്പിച്ചത്.

എന്നാല്‍ ഇതില്‍ ചിലവിനത്തില്‍ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷന്‍ വെട്ടിക്കുറച്ചത്. സി എ ജി അംഗീകരിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ബോര്‍ഡ് കമ്മീഷന് നല്‍കിയത്. 1,331 കോടി കെ എസ് ഇ ബി ക്ക് റവന്യൂ ഗ്യാപ് ഉണ്ടായെന്നും ഈ തുക ഈടാക്കുന്നതിനായി വൈദ്യുതി ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തണമെന്നും ആയിരുന്നു കെഎസ്ഇബിയുടെ ആവശ്യം. എന്നാല്‍ ചിലവിനത്തില്‍ ഉണ്ടായി എന്ന് വൈദ്യുതി ബോര്‍ഡ് അവകാശപ്പെടുന്ന തുക കമ്മീഷന്‍ വെട്ടിക്കുറച്ചതോടെ റവന്യൂ ഗ്യാപ്പ് 84 കോടിയായി കുറഞ്ഞു.

2017-18 സാമ്പത്തികവര്‍ഷം വിവിധ ഇനങ്ങളിലായി 12,533 കോടി വരവ് ഉണ്ടായി എന്നതാണ് കെഎസ്ഇബിയുടെ കണക്ക്. എന്നാല്‍ ശമ്പളയിനത്തില്‍ അടക്കം ചിലവഴിച്ചു എന്നു പറയുന്ന തുകയാണ് പൂര്‍ണമായി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാത്തത്. വൈദ്യുതി വാങ്ങിയ ഇനത്തില്‍ 7,398 കോടി ചെലവ് വന്നുവെന്ന് കെഎസ്ഇബി കണക്ക് പറയുമ്പോള്‍ 7,348 മാത്രമാണ് കമ്മീഷന്‍ അംഗീകരിച്ചത്. ശമ്പള ഇനത്തില്‍ ചിലവഴിച്ചുവെന്നു കെ എസ് ഇ ബി അവകാശപ്പെട്ട കണക്കില്‍ 232 കോടി കമ്മീഷന്‍ വെട്ടിക്കുറച്ചു. പലിശ ഇനത്തില്‍ 561 കോടിയും പെന്‍ഷന്‍ ഫണ്ട് ചിലവഴിച്ച ഇനത്തില്‍ 331 കോടിയും, തേയ്മാന ചിലവുകളുടെ ഇനത്തില്‍ 183 കോടിയുമാണ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ വെട്ടിക്കുറച്ചത്.

മുന്‍കാലങ്ങളിലും കെഎസ്ഇബി സമര്‍പ്പിക്കുന്ന കണക്കുകള്‍ അതേപടി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാറില്ല. പക്ഷേ ഇത്ര വലിയ തുക വെട്ടി കുറയ്ക്കുന്നത് സമീപകാലത്ത് ഇത് ആദ്യമാണ്. കെഎസ്ഇബിക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് കമ്മീഷന്‍ നടപടി. വൈദ്യുതി ബോര്‍ഡ് ചിലവഴിച്ച 1237 കോടി കമ്മീഷന്‍ അംഗീകരിക്കാതെ വരുന്നതോടെ ബോര്‍ഡിന്റെ മൊത്തം ബാധ്യത കണക്കില്‍ ഈ തുക കൂടി ഉള്‍പ്പെടും. ഭാവിയില്‍ വായ്പയെടുക്കുന്നതിനടക്കം ഇത് പ്രതിസന്ധി ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് ഇരട്ടി പ്രഹരമാകുന്നതാണ് ഈ നടപടി.

കാലാകാലങ്ങളില്‍ കെഎസ്ഇബി സമര്‍പ്പിക്കുന്ന വരുമാനനഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കുക. വരുമാനത്തേക്കാള്‍ അധികം ചിലവഴിച്ചതുക, വൈദ്യുതി നിരക്ക് വര്‍ദ്ധന വിലൂടെ ഈടാക്കാനാണ് കെഎസ്ഇബി ശ്രമിക്കുക. കെഎസ്ഇബിയുടെ അപേക്ഷ പരിഗണിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് റെഗുലേറ്ററി കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

കെഎസ്ഇബി അവകാശപ്പെട്ട റവന്യൂ ഗ്യാപ്പ് കമ്മീഷന്‍ കണക്കില്‍ വെട്ടികുറക്കപെട്ടതോടെ പ്രതീക്ഷിച്ച നിരക്കില്‍ വൈദ്യുതി വര്‍ദ്ധനവ് ഉണ്ടാകില്ല. ഫലത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ ഇടപെടല്‍ പൊതുജനങ്ങള്‍ക്ക് നേട്ടമായി വരും.

Leave a Reply

Your email address will not be published. Required fields are marked *