തിരുവനന്തപുരം: ശബരിമലയിൽ മിൽമയുടെ പേരിൽ വ്യാജ നെയ്യ് വിൽപ്പന നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. മിൽമ ജീവനക്കാരെയും കരാറുകാരെയും ചില ഉദ്യോഗസ്ഥർ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് യാതൊരു പരിശോധനയുമില്ലാതെ നെയ്യ് കടത്തിവിട്ടതിലും അന്വേഷണം നടക്കും. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് കത്തുനൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കർശന നടപടിയെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും വ്യക്തമാക്കി. ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യാണ് സന്നിധാനത്ത് എത്തിച്ചത്. ഇതിലൂടെ മിൽമയ്ക്ക് 85 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. ടെൻഡർ നടപടികൾ മുതൽ ക്രമക്കേട് ആരംഭിച്ചിരുന്നു. പത്തനംതിട്ട യൂണിറ്റിൽ നിന്ന് പമ്പയിലേക്ക് നെയ്യ് എത്തിക്കുന്ന കരാർ ഒരേ വ്യക്തിക്ക് ലഭിക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായി. പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ലോഡുകളിൽ വഴിമധ്യേ വെച്ച് നിലവാരം കുറഞ്ഞ തമിഴ്‌നാട് നെയ്യ് കൂട്ടിക്കലർത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *