ന്യുഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ കടുത്ത വ്യവസ്ഥകളോടെയുള്ള ‘പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ഭേദഗതി ബില്‍, 2026’ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. പുതിയ നിയമപ്രകാരം പേപ്പര്‍ ചോര്‍ച്ചക്കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കുള്ള ശിക്ഷ 2024-ലെ ആക്ടിലെ 3 മുതല്‍ 5 വര്‍ഷം എന്നത് 5 മുതല്‍ 10 വര്‍ഷം വരെയായി ഉയര്‍ത്തി. പിഴത്തുക 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. കുറ്റകൃത്യം സംഘടിതമായി നടത്തുന്നതാണെന്ന് കണ്ടെത്തിയാല്‍ കുറഞ്ഞത് 7 വര്‍ഷം തടവും 10 കോടി രൂപ വരെ പിഴയും ലഭിക്കും. ചോദ്യപേപ്പര്‍ ചോര്‍ത്തല്‍, ഒഎംആര്‍ ഷീറ്റുകളില്‍ തിരിമറി നടത്തല്‍, വ്യാജ വെബ്സൈറ്റുകള്‍ ഉണ്ടാക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കല്‍ എന്നിവയുള്‍പ്പെടെ 15 നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കുറ്റകൃത്യങ്ങളായി കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വന്ദേമാതരം ആലപിക്കുന്നത് മനഃപൂര്‍വം തടസപ്പെടുത്തുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി നിര്‍ദേശിക്കുന്ന ‘പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഓണര്‍ (ഭേദഗതി) ബില്‍, 2026’ രാജ്യസഭയും പാസാക്കി. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിയാണ് ബില്‍ ശബ്ദവോട്ടെടെ പാസാക്കിയത്. 1971ലെ ദേശീയബഹുമാന നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ദേശീയ ഗാനത്തിന് പുറമെ ദേശീയ ഗീതമായ വന്ദേമാതരത്തിനും തുല്യപദവി നല്‍കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്‍ രാജ്യസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. എന്നാല്‍, ഈ ഭേദഗതി ബില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചകള്‍ക്കിടെ വിദ്യാര്‍ത്ഥി സമരത്തിന് നേരെ വിവിധയിടങ്ങളില്‍ ഉണ്ടായ പൊലീസ് അതിക്രമം പരാമര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വെടിവെയ്ക്കാന്‍ നിര്‍ദേശിച്ചത് ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന ഗുരുതരമായ ആരോപണമുയര്‍ത്തി. ഇതോടെ ശക്തമായ പ്രതിഷേധവുമായി ഭരണപക്ഷം എഴുന്നേറ്റു. രാഹുല്‍ നുണ പറയുന്നെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു. രാഹുല്‍ ഒന്നുകില്‍ അമിത് ഷായോ അല്ലെങ്കില്‍ നരേന്ദ്രമോദിയോ നിര്‍ദേശം നല്‍കാതെ പൊലീസ് വെടിവെയ്ക്കിലെന്ന് പറഞ്ഞതോടെ സഭ വീണ്ടും ബഹളത്തില്‍ മുങ്ങി. ആ വാക്‌പോരിലേക്ക് ആദ്യം. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെയ്ക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയെന്ന രാഹുലിന്റെ പരാമര്‍ശവും വലിയ ബഹളത്തിനിടയാക്കി.തെറ്റായ പ്രസ്താവന രാഹുല്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ തയ്യാറായില്ല.
