ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഐഎം വനിത എംഎല്‍എ യു. പ്രതിഭ. എല്ലാവരോടും ഗവര്‍ണര്‍ വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്നും യു പ്രതിഭ പറഞ്ഞു. ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയിലിരിക്കവെയാണ് എംഎല്‍എയുടെ അഭിപ്രായ പ്രകടനം.
എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക്. മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. വേദിയിലിരുന്ന ഗവര്‍ണറെ നോക്കി വേഷം നന്നായിട്ടുണ്ടെന്നും പ്രതിഭ പറഞ്ഞു. ഗവര്‍ണര്‍ ചിരിയോടെ നന്ദി പ്രകടിപ്പിച്ചു. ചെട്ടിക്കുളങ്ങര കുംഭഭരണിക്കു വരണമെന്ന ആഗ്രഹം പ്രസംഗത്തിനിടെ ഗവര്‍ണര്‍ പ്രകടിപ്പിച്ചു.
അതേസമയം, ഗവര്‍ണര്‍ ഉദ്ഘാടകനായ ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍, യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്നും പിന്നീടെത്താമെന്നും മന്ത്രി സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. ശിവന്‍കുട്ടി എത്താതിരുന്നത് തിരുവനന്തപുരത്ത് ചില രാഷ്ട്രീയ പ്രശ്നങ്ങളുള്ളതിനാലാണെന്ന് പ്രതിഭയും വ്യക്തമാക്കി. രമേശ് ചെന്നിത്തല എംഎല്‍എ.യും ചടങ്ങില്‍ പങ്കെടുത്തു.
