ബേപ്പൂരിലെ തോല്‍വിയില്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി വി അന്‍വര്‍. തോല്‍വില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ആരോപണം ആവര്‍ത്തിക്കുന്നതാണ് അന്‍വറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞെന്നും എന്നാല്‍ ഇടത് കോട്ടകളില്‍ മുന്നേറ്റമുണ്ടായെന്നുമാണ് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് പ്രവര്‍ത്തകരില്‍ ചിലര്‍ സഹകരിച്ചില്ല. പോസ്റ്ററുകളും നോട്ടീസുകളും ഉപയോഗിക്കാതെ കൂട്ടിയിട്ടത് കണ്ടെന്നും അന്‍വര്‍ ആരോപിക്കുന്നുമുണ്ട്.

ബേപ്പൂരില്‍ ജയിച്ചില്ലെങ്കിലും തന്റെ സ്ഥാനാര്‍ഥിത്വം മലബാറില്‍ ഗുണം ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പിണറായിസവും മരുമോനിസവും ചര്‍ച്ചയായെന്ന് പറഞ്ഞ അദ്ദേഹം കൂടുതല്‍ കണക്കുകള്‍ പുറത്തുവിടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ബേപ്പൂരില്‍ പരാജയപ്പെട്ടതോ അതോ പരാജയപ്പെടുത്തിയതോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് താന്‍ വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തില്‍ തന്നെ അപകടം ബോധ്യപ്പെട്ടിരുന്നു എന്നും അന്‍വര്‍ വ്യക്തമാക്കുന്നുണ്ട്. അവസാന നിയമസഭാ സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായി. എന്നിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്നും പോരാട്ടം നയിക്കേണ്ട ഉത്തരവാദിത്വം താന്‍ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു എന്നും അദ്ദേഹം പറയുന്നു.

ബേപ്പൂരിലെ ലീഡ് കുറച്ചാല്‍ ബാക്കി പ്രദേശത്തെ കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാം എന്നായിരുന്ന കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. താന്‍ വാക്ക് പാലിച്ചെന്നും യുഡിഎഫിന് അതില്‍ വീഴ്ച വന്നെന്നുമാണ് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റികളായ ഫറൂഖിലും രാമനാട്ടുകരയിലും പ്രതീക്ഷിച്ച പോലെ ലീഡ് ഉണ്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ചരിത്രം തന്നെ മറ്റൊന്നായേനെ എന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക നേതൃത്വത്തെ അവരവരുടെ വീടുകളില്‍ എത്തി താന്‍ സന്ദര്‍ശിച്ചെന്നും ആ സമയം അവര്‍ തന്നോട് മനസ്സ് തുറന്നു സംസാരിച്ചതായും കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അസുഖകരമായ ചില വെളിപ്പെടുത്തലുകളും മാധ്യമ വാര്‍ത്തകളുമാണ് തന്നെക്കൊണ്ട് തന്നെ ഇത്രയെങ്കിലും പറയാന്‍ നിര്‍ബന്ധിതനാക്കിയത് എന്നും പി വി അൻവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *