കോഴിക്കോട്: സിനിമയുടെ പ്രചരണത്തിനായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയ നടിമാർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. നടിമാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്.
സിനിമാ നിർമാതാവിന്റേയും നടിമാരുടേയും പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ പൊലീസ് സംഘടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് നടിമാരും അറിയിച്ചിട്ടുണ്ട്. രണ്ട് നടിമാരുടെ പരാതിയിൽ വ്യത്യസ്ത കേസുകളാണ് എടുത്തത്.
പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഷയത്തിൽ പൊലീസ് അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരായി നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷനും ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
പുതിയ മലയാള സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയപ്പോഴാണ് നടിമാർക്കെതിരെ അതിക്രമം ഉണ്ടായത്. പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയുണ്ടായ ദുരനുഭവം നടിമാർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.