നിപ ബാധിച്ച് വെന്റലേറ്ററിലായ ഒൻപത് വയസ്സുകാരൻ പൂർണആരോ​ഗ്യവാനായി തിരികെ ജീവിതത്തിലേക്ക്. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്നും നിപാ ചരിത്രത്തിലെ ആദ്യ അനുഭവമാണിതെന്നും കുട്ടിയെ ചികിത്സിച്ച കോഴിക്കോട് മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് വിഭാ​ഗം തലവൻ ഡോക്ടർ സതീഷ് കുമാർ പറഞ്ഞു.കുട്ടിക്ക് വെന്റിലേറ്ററിൽ മികച്ച പരിചരണം നൽകാൻ കഴിഞ്ഞതാണ് നേട്ടമായത്.റിബാവൈറിൻ, റംഡിസീവർ എന്നീ മരുന്നുകൾ ഉപയോ​ഗിച്ചായിരുന്നു ചികിത്സ. കുട്ടിയെ രക്ഷിക്കാനായത് വലിയ നേട്ടമാണെന്നും രണ്ട് രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവുകൾ ആശുപത്രി ഏറ്റെടുത്തിട്ടുണ്ടെന്നും മിംസ് ആശുപത്രി അധികൃതർ പറഞ്ഞു. 2018നെ അപേക്ഷിച്ച് മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞതും നേരത്തെ ​രോ​ഗം സ്ഥിരീകരിക്കാനായാൽ രോ​ഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിയുമെന്നതും ആത്മവിശ്വാസം പകരുന്നതാണെന്നും ഡോക്ടർമാർ പറഞ്ഞു. നിപ ബാധിച്ച് ചികിത്സിയിലായിരുന്ന നാലു പേരും രോഗവിമുക്തരായി. രണ്ടാം പരിശോധനാഫലവും നെഗറ്റീവായതോടെ എല്ലാവരും ആശുപത്രിവിടും.
നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ ഒമ്പത് വയസ്സുകാരനായ മകൻ, ഭാര്യാ സഹോദരൻ, സ്വകാര്യ ആശപത്രിയിലെ ആരോഗ്യപ്രവർത്തകൻ, ചെറുവണ്ണൂർ സ്വദേശി എന്നിവരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇടവേളകളിൽ നടത്തിയ രണ്ട് പരിശോധനയിലും നാലു പേരും നിപ നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ആശുപത്രി വിടുന്ന ഇവർ ഹോം ക്വാറന്റൈനിൽ പ്രവേശിക്കും.

Leave a Reply

Your email address will not be published. Required fields are marked *