തന്റെ സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ തന്നെയാണെന്നും രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തി മൊഴിയെടുത്തെന്നും സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ്.
പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഇങ്ങനെ പിടിച്ചുകൊണ്ടുപോകുന്നത് ആദ്യമായിട്ടാണെന്നനും കൂട്ടുകാർ എവിടെയാണെന്ന് വിവരമില്ല. പോലീസ് ഇക്കാര്യം അംഗീകരിക്കുന്നില്ല. സുപ്രീം കോടതിയില്‍ നിന്ന് നാളെ തന്നെ ഒരു തീരുമാനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഷഹീൻ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ 5.30ഓടെയാണ് സുഹൃത്തുക്കളായ പോളിനേയും ലിബിനേയും പ്രത്യേക അന്വേഷണ സംഘം പിടികൂടിക്കൊണ്ടുപോയത്. കേസിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ ഡൽഹിയിലാണുള്ളത്. രാവിലെ 11.30ഓടു കൂടിയാണ് താൻ ഇക്കാര്യങ്ങൾ അറിയുന്നത്. ഉച്ചക്ക് 2.03ന് അച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സുഹൃത്ത് നബീർ വിളിച്ചിരുന്നു. പിതാവിനെക്കുറിച്ചുള്ള വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്നാണ്. പറഞ്ഞത്. ഒരു തരം ബ്ലാക്ക് മെയിലിങ് രീതി ഉപയോ​ഗിച്ചാണ് അന്വേഷണം.- ഷഹീൻ പറഞ്ഞു

കഴിഞ്ഞ ​ദിവസം രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നു. പിന്നാലെ എന്റെ മൊഴിയെടുത്തതിന് ശേഷമാണ് ഇവർ പോയത്. എന്തിനാണ് അവരെ കൊണ്ടുപോയതെന്ന് അറിയില്ല. വീട്ടിൽ ജോലിക്ക് നിൽക്കുന്നവരുടെ വീടുകളിലടക്കം ചെന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തുക്കൾ എന്റെ കൂടെയുണ്ടായിരുന്നു. മറ്റ് കാര്യങ്ങളൊന്നും അറിയില്ല. സിദ്ദിഖ് സുഹൃത്തുക്കളുടെ വാഹനം ഉപയോ​ഗിച്ചിട്ടില്ലെന്നും ഷഹീൻ പറഞ്ഞു.

അതെ സമയം, ഷഹീൻ സിദ്ദിഖിന്റെ സുഹൃത്തുക്കളായ പോള്‍, ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
ലെെം​ഗിക അതിക്രമ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. സിദ്ദിഖ് ഒളിവില്‍ പോയ കാറുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കടവന്ത്രയിലേയും മേനകയിലേയും ഫ്ലാറ്റുകളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തുവെന്നാണ് പരാതി. യുവാക്കളുടെ കുടുംബങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. അതേസമയം കേസുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *