എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനു. കോടതി ജാമ്യം നിഷേധിച്ചതിനാൽ പൊലീസിനുള്ള വഴി അറസ്റ്റ് ആണെന്ന് കെപി ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചു. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് കെപി ഉദയഭാനു പറഞ്ഞു. പൊതു പ്രവർത്തകയുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടി ആണ് ഉണ്ടായതെന്ന് അദ്ദേഹം വിമർശിച്ചു. പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് ഒപ്പം നിൽക്കുന്നുവെന്ന് കെപി ഉദയഭാനു വ്യക്തമാക്കി.പ്രോസിക്യൂഷൻ കോടതിയിൽ ഫലപ്രദമായി ഇടപെട്ടെന്ന് ഉദയഭാനു പറഞ്ഞു. പൊലീസ് ആവശ്യമായ നടപടി ചെയ്യുമെന്നും അതുവരെ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ആ കുടുംബത്തിനോടൊപ്പം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കള്കടർക്കെതിരായ ആരോപണത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നും ആർക്കെല്ലാം പങ്കുണ്ടോ അതെല്ലാം അന്വേഷിക്കണമെന്ന് ഉദയഭാനു പറഞ്ഞു.
അതേസമയം തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.