ദീപാവലിക്ക് മുന്നോടിയായുള്ള ധൻതേരാസ് ആഘോഷ ദിനത്തിൽ സ്വർണം വെള്ളി തുടങ്ങിയ ലോഹങ്ങൾ വാങ്ങുന്നത് ഗുണകരമായാണ് കണക്കാക്കുന്നത്. ഹിന്ദു വിശ്വാസപ്രകാരം ആളുകൾ ഇവ വാങ്ങുന്നതിനാൽ ദിപാവലി വിപണിയിൽ സ്വർണം വെള്ളി എന്നിവയ്ക്ക് ഡിമാൻഡ് കൂടുതലാണ്. മാത്രമല്ല, ജ്വല്ലറികളിൽ എല്ലാം തന്നെ തിരക്കായിരിക്കും. എന്നാൽ വീട്ടിലിരുന്ന് തന്നെ സ്വർണം വെള്ളി എന്നിവ ഓൺലൈൻ ആയി വാങ്ങാൻ അവസരം ഒരുക്കിയിരിക്കുകയാണ് സ്വിഗ്ഗി, സെമാറ്റോ, ബിഗ്ബാസ്‌ക്കറ്റ്, സെപ്റ്റോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ. ധൻതേരാസ് പ്രമാണിച്ച് 10 മിനിറ്റിനുള്ളിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യാൻ തയ്യാറെടുത്തിരിക്കുകയാണ് ഇവർ. ഓൺലൈൻ വഴി 24 കാരറ്റ് സ്വർണനാണയം വാങ്ങാം. 0.1 ഗ്രാം, 0.5 ഗ്രാം, 0.25 ഗ്രാം, 1 ഗ്രാം നാണയങ്ങൾ ലഭ്യമാണ്. കൂടാതെ 999 ഹോൾമാർക്ക് വെള്ളി നാണയങ്ങൾ വാങ്ങാം. ലക്ഷ്മി ദേവിയുടെ ചിത്രമുള്ള സ്വർണനാണയം, റോസ് ഗോൾഡ് കോയിൻ, ലക്ഷ്മി ഗണേഷ് വെള്ളി നാണയം എന്നിവയൊക്കെ ഓൺലൈനിൽ ലഭ്യമാണ്. ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഒക്ടോബർ 29 ആയ ഇന്നാണ്. ധന്ത്രയോദശി എന്നും അറിയപ്പെടുന്ന ഈ ദിനം ഹിന്ദു വിശ്വാസ പ്രകാരം പ്രധാനപ്പെട്ടതാണ്. ധന്തേരാസിൽ ഭക്തർ സമ്പത്തിൻ്റെ ദേവനായ കുബേരനെയും ഔഷധത്തിൻ്റെ ദേവനായ ധന്വന്ത്രിയെയും ആരാധിക്കുന്നു. കൂടാതെ ആളുകൾ ഈ ദിവസം സ്വർണ്ണമോ വെള്ളിയോ മറ്റ് മംഗളകരമായ വസ്തുക്കളോ വാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *