കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് പൊലീസ് സെര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കമ്മീഷണര്‍ പറഞ്ഞു. തുടര്‍ന്ന് ദിവ്യയെ കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുവന്നത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത്.

പി പി ദിവ്യയെ എവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, മറുപടി പറയാന്‍ തയ്യാറായില്ല. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഇതിന്റെ റെലവന്‍സ് മനസ്സിലായില്ല എന്ന് കമ്മീഷണര്‍ പറഞ്ഞു. ദിവ്യ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

കോടതി ഉത്തരവില്‍ പൊലീസിനെ പല തവണ അഭിനന്ദിച്ചിട്ടുണ്ട്. ഇക്കാര്യം വായിച്ചു നോക്കൂവെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സര്‍വൈലന്‍സ് ഈ കേസിലും ഉണ്ടായിരുന്നു. കേസില്‍ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് അടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്തതിനുശേഷം പറയാം. തുടര്‍ നടപടി ചോദ്യംചെയ്തതിനു ശേഷം തീരുമാനിക്കുമെന്നും പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *