എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി പി ദിവ്യക്കെതിരെ പ്രതിഷേധം തുടരുന്നു. കീഴടങ്ങിയ പ്രതി ദിവ്യയെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന വഴിയിലും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളതെന്ന് ചൂണ്ടാകാട്ടി ആദ്യം മുതലെ തന്നെ വലിയ പ്രതിഷേധമാണ് കണ്ണൂരിലടക്കം ഉയർന്നിരുന്നത്. ഇതിന്‍റെ തുടർച്ചയായിരുന്നു ഇന്നും കണ്ടത്.അതേസമയം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമർശനം ശക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ദിവ്യയെ കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ തുടരുകയാണ്.മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതോടെ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താൻ കീഴടങ്ങാൻ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *