പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സാങ്കേതിക പരിശാധന നടത്തുന്നതിനായി ഡിവൈസുകള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി വിദഗ്ധ സമിതി. സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയാണ് ഹര്‍ജിക്കാര്‍ക്ക് ഇത് സംബന്ധിച്ച മെയില്‍ അയച്ചത്.

വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ മൊഴി നല്‍കാനുള്ള അവസരവും ഹര്‍ജിക്കാര്‍ക്ക് ഉണ്ടെന്ന് മെയിലില്‍ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.

നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയിലെ നവീന്‍ കുമാര്‍ ചൗധരി, കൊല്ല അമൃത വിശ്വവിദ്യാപീഠത്തിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പ്രൊഫസര്‍ പ്രഭാഹരന്‍ പൂര്‍ണചന്ദ്രന്‍, മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസര്‍ അശ്വിന്‍ അനില്‍ ഗുമാസ്തെ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.

അതേസമയം, പെഗാസസ് സോഫ്റ്റവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടു എന്ന് പറയപ്പെടുന്ന ഡിവൈസുകള്‍ ന്യൂഡല്‍ഹിയില്‍ സ്വീകരിക്കുമെന്ന് മെയിലില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എവിടെയാണെന്നത് സംബന്ധിച്ച പിന്നീട് അറിയിക്കാമെന്നാണ് മെയിലില്‍ പറഞ്ഞിരിക്കുന്നത്.

ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് ബിസിനസ് പ്രമുഖര്‍, മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണങ്ങളാണ് വിദഗ്ധ സമിതി അന്വേഷിക്കുന്നത്. പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്നൂറിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകളുണ്ടെന്ന് രാജ്യാന്തര മാധ്യമക്കൂട്ടായ്മയാണു റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *