ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശവുമായി വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്. ‘മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം. സമരം കത്തിയെരിയുമ്പോൾ സർക്കാർ വീണ വായിക്കുകയാണ്. ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ആരോപിച്ചു.

‘അബ്ദുറഹ്മാന്റെ പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങൾ നോക്കേണ്ട മന്ത്രിയാണദ്ദേഹം. പക്ഷേ ആ വിടുവായനായ അബ്ദുറഹ്മാൻ അഹമ്മദ് ദേവർകോവിലിന് വേണ്ടി യാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തിൽ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങൾ രാജ്യദ്രോഹികളായിരുന്നെങ്കിൽ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികൾ ഇവിടെ ഭരണം നടത്തില്ലായിരുന്നു.’. തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.

ലത്തീൻ അതിരൂപതക്കെതിരെ വിമർശനവുമായി മന്ത്രി അബ്ദുറഹ്മാൻ രംഗത്തെത്തിയതിന് പിന്നാലെയാണ്‌ലത്തീൻ ഫാ.തിയോഡോഷ്യസിന്റെ വർഗീയ പരാമർശം. വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ടപ്പോൾ സദ്യയും കഴിച്ചു പോയവർ ഇപ്പോൾ നിലപാട് മാറ്റിയതിന് പിന്നിൽ മറ്റു താല്പര്യങ്ങൾ ആണെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാങ്കേതിക വശങ്ങൾ വിശദീകരിക്കാൻ നിർമാണ കമ്പനിയും തുറമുഖ വകുപ്പും ചേർന്ന് സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രിമാർ വിഴിഞ്ഞം സമരത്തിനെതിരെ തിരിഞ്ഞത്. രാജ്യത്തെ സ്‌നേഹിക്കുന്ന ആർക്കും വിഴിഞ്ഞം പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കാൻ ആവില്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *