കോഴിക്കോട്: താമരശ്ശേരിയിൽ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. കാറിൽവെച്ച് പീഡിപ്പിക്കപ്പെടുമ്പോൾ വാഹനത്തിൽ നാല് പേരുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. രണ്ട് പേരാണ് തന്നെ ഉപദ്രവിച്ചതെന്നും ഈ സമയം കാറിന്റെ മുൻസീറ്റിൽ മറ്റ് രണ്ട് പേർ കൂടി ഇരുന്നിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. പീഡനത്തിന് ശേഷം പ്രതികൾ ഭീഷണിപ്പെടുത്തി പണം കവർന്നതായും യുവതി നൽകിയ മൊഴിയിലുണ്ട്.

കേസിൽ സ്വകാര്യ ബസ് ജീവനക്കാരായ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി കെ.കെ. അനീഷ് (ഡ്രൈവർ), വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ വീട്ടിൽ സജിത് (ക്ലീനർ) എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. താമരശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. യുവതിയുടെ കുടുംബവുമായുള്ള പരിചയം മുതലെടുത്താണ് പ്രതികൾ ആദ്യമായി യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. കാറിൽവെച്ച് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

തുടർന്ന് ഈ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പലതവണകളായി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സ്വകാര്യ ബസ് നിർത്തിയിടുന്ന താമരശ്ശേരി ചുരത്തിന് സമീപത്തെ സ്ഥലത്തുവെച്ച് ബസിനുള്ളിൽ വെച്ചും പ്രതികൾ ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു. പീഡനം തുടർന്നതോടെ യുവതി ആദ്യം കൊടുവള്ളി പൊലീസിലും പിന്നീട് കാക്കൂർ പൊലീസിലും പരാതി നൽകുകയായിരുന്നു. സംഭവം നടന്നത് താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി പിന്നീട് താമരശ്ശേരി പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പിടിയിലായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *