മലപ്പുറം: അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്രവിഷയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാഷ്ട്രീയ
അജണ്ടയാക്കുകയാണെന്നത് എല്ലാവരും തിരിച്ചറിയണം. ഇക്കാര്യം തിരിച്ചറിഞ്ഞ ശേഷം ഓരോ രാഷ്ട്രീയ പാര്‍ട്ടിയും സ്വതന്ത്രമായ തീരുമാനമെടുക്കണം. മതേതരകാഴ്ചപ്പാടുള്ള പാര്‍ട്ടികളൊക്കെ അത് ചെയ്യുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്ന് രാഷ്ട്രീയ കാര്യസമിതിയോഗത്തിന് മുന്‍പായി പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്ലീം ലീഗ് എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. വിവിധ ജനങ്ങളുടെ ആരാധന സ്വാതന്ത്ര്യത്തിനും പാര്‍ട്ടി എതിരല്ല. ഇക്കാര്യത്തില്‍ കോടതി വിധി വന്നശേഷം ലീഗ് തങ്ങളുടെ നിലപാട് പറഞ്ഞതാണ്. ഇപ്പോള്‍ അവിടെ ആരാധന തുടങ്ങുന്നതല്ല വിഷയം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനമാക്കി ഇതിനെ മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഹൈന്ദവ സമൂദായത്തിന്റെ വിശ്വാസത്തെ ലീഗ് അങ്ങേറ്റം ബഹുമാനിക്കുന്നു. ഇതില്‍ അഭിപ്രായം പറയാന്‍ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *