രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നു. പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ആർ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വച്ച് കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

180 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 300 സ്റ്റാളുകളായിരിക്കും ഉണ്ടാവുക.  പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍,  പ്രഭാഷണങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് ആറ് വേദികളിലായി നടക്കുന്നത്.

മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡൻ്റ് അമീന ഗുരിബ് ഫക്കിം,  ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ, ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലിമ നസ്രിന്‍, റാണാ അയൂബ്, പ്രഫുല്‍ ഷിലേദാര്‍, സൈറ ഷാ ഹലീം, ടി.എം. കൃഷ്ണ, ആകാർ പട്ടേൽ, ശശി തരൂർ, പി. സായിനാഥ്, സ്റ്റാൻലി ജോൺ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡി.ജി.പി രവാഡ ചന്ദ്രശേഖര്‍, വേണു രാജാമണി ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും പുസ്തകോത്സവത്തിൽ പങ്കെടുക്കും.

കൂടാതെ ടി. പത്മനാഭന്‍, എന്‍.ഇ. സുധീര്‍,  വി. മധുസൂദനന്‍ നായര്‍, കെ.ആര്‍.മീര, ടി.ഡി. രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, എസ്.ഹരീഷ്, ആര്‍. രാജശ്രീ, ജി.ആർ. ഇന്ദുഗോപൻ, അംബികാസുതൻ മങ്ങാട്, ഹരിത സാവിത്രി, ലാല്‍ജോസ് തുടങ്ങിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരും കലാകാരന്മാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.
ചിരിയും ചിന്തയുമായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീനിവാസൻ്റെ ഓർമ്മയിൽ പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമല്‍ തുടങ്ങിയവർ ഒത്തുചേരുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.

കെ.സി. വേണുഗോപാല്‍, എം.എ. ബേബി, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ബിനോയ് വിശ്വം  തുടങ്ങിയ രാഷ്ട്രീയരംഗത്തെ പ്രമുഖ നേതാക്കളും മന്ത്രിമാരും സാമാജികരും വിവിധ സെഷനുകളിലായി പങ്കെടുക്കുന്നതാണ്. ജനുവരി 7 മുതല്‍ 13 വരെയുള്ള ഏഴ് ദിവസങ്ങളിലായി പത്ത് ചാനലുകള്‍ അവതരിപ്പിക്കുന്ന മെഗാഷോകള്‍ ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരങ്ങളില്‍ ആര്‍.ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ചാണ് മെഗാഷോകള്‍ അവതരിപ്പിക്കപ്പെടുന്നത്. കെ.എസ്.ചിത്ര,  സിത്താര കൃഷ്ണകുമാര്‍, ഗൗരിലക്ഷ്മി & ശ്വേതാ മേനോന്‍, മഞ്ജരി, ശ്രീനിവാസ്, ശരത്, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, ഹരി ശങ്കര്‍, മെന്റലിസ്റ്റ് ആദി തുടങ്ങിയ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന 10 മെഗാഷോകളാണുള്ളത്. ഓരോ മെഗാ ഷോകളിലും മന്ത്രിമാരുടെയും മറ്റു സാമാജികരുടെയും പങ്കാളിത്തം ഉണ്ടായിരിക്കും.

ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളിലായി വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടും. തെയ്യാവതരണത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനാണ് നിര്‍വ്വഹിക്കുന്നത്. പത്മശ്രീ ഇ.പി. നാരായണന്റെ നേതൃത്വത്തില്‍ മാഹി, തെയ്യം പൈതൃക സമിതിയാണ് ഇവിടെ തെയ്യങ്ങളെ അവതരിപ്പിക്കുന്നത്. പൊട്ടൻ തെയ്യം, അഗ്നികണ്ഠാകർണൻ തെയ്യം, കുട്ടിച്ചാത്തൻ തിറ, പൂക്കുട്ടിച്ചാത്തൻ തുടങ്ങിയ വിവിധ തെയ്യങ്ങൾ ഇവിടെ അരങ്ങേറും. ഒരു ദിവസം കളരിപ്പയറ്റ് പ്രദര്‍ശനവും ഉണ്ടായിരിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന സ്റ്റുഡന്റ്സ് കോര്‍ണറില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍, അര്‍ജ്ജുന്‍ പാണ്ഡ്യന്‍, എം. ജി. രാജമാണിക്യം, ഡോ. കെ.വാസുകി തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥര്‍, നേവിയുടെ ലഫ്റ്റനന്റ്‍ കമാന്‍ഡേഴ്സ് ആയ ദില്‍ന, കെ, എ. രൂപിമ എന്നിവര്‍, കലാമണ്ഡലം ബിന്ദുമാരാര്‍, ‍കല്ല്യാണി ഗോപകുമാര്‍, ശ്രീജ പ്രിയദര്‍ശന്‍, ‍മീനാക്ഷി, കെ.പി.ശശികുമാര്‍, അഖില്‍ പി. ധര്‍മ്മജന്‍, ബാബു അബ്രഹാം തുടങ്ങിയ സാഹിത്യ- സാമൂഹിക- കലാരംഗങ്ങളിലെ പ്രമുഖര്‍ – തുടങ്ങിയ വിവിധ മേഖലകളിലുള്ളവര്‍ കുട്ടികളുമായി സംവദിക്കും. ഇവരെ കൂടാതെ അയിഷ ആനടിയില്‍, ഫാത്തിമ അന്‍ഷി തുടങ്ങിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളും KLIBFന്റെ അതിഥികളായി സ്റ്റുഡന്റ്സ് കോര്‍ണര്‍ വേദിയിലെത്തുന്നുണ്ട്. ആശയസംവാദങ്ങള്‍ക്കു പുറമേ കഥപറച്ചിലും ഫാഷന്‍ ഷോയും കുട്ടികളുടെ നാടകവും മറ്റു കലാപരിപാടികളും മാജിക് ഷോയും പപ്പറ്റ് ഷോയുമടക്കം നിരവധി പരിപാടികളാണ് ഈ വേദിയിലുണ്ടായിരിക്കുക. സ്റ്റുഡന്റ്സ് കോര്‍ണര്‍ വേദിയുടെ ഉദ്ഘാടനം ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കും.

മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും പുസ്തകോത്സവത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 8 ന് ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ അസംബ്ലി ഹാളിൽ നടക്കുന്ന മാതൃകാ നിയമസഭയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

പുസ്തകോത്സവത്തിന്റെ മുന്നോടിയായി പല ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. കഥ പറച്ചിൽ, കവിത പാരായണം, പുസ്തക പരിചയം, ഷോർട്ട് ഫിലിം മത്സരം തുടങ്ങിയ ഓൺലൈൻ മത്സരങ്ങൾക്ക് പുറമേ പുസ്തകോത്സവ ദിനങ്ങളിൽ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

ഈ ദിവസങ്ങളില്‍ കേരള നിയമസഭാ ഹാളും മ്യൂസിയവും  സിറ്റി റൈഡിന്റെ ഭാഗമായി സൂവും നേപ്പിയര്‍ മ്യൂസിയവും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. സിറ്റി റൈഡിന്റെ ഉദ്ഘാടനം ബഹു. ഗതാഗത വകുപ്പ് മന്ത്രി . കെ.ബി. ഗണേഷ് കുമാര്‍ നിര്‍വ്വഹിക്കും.

പുസ്തകോത്സവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ അറിയിക്കാനുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം മാധ്യമ അവാര്‍ഡിനെക്കുറിച്ചുള്ളതാണ്. പുസ്തകോത്സവവുമായി ബന്ധപ്പെട്ട മികച്ച റിപ്പോര്‍ട്ടിങ്ങിന് ദൃശ്യ- ശ്രവ്യ- അച്ചടി മാധ്യമങ്ങള്‍, ബെസ്റ്റ് ഫോട്ടോഗ്രാഫര്‍, ബെസ്റ്റ് വീഡിയോഗ്രാഫര്‍, ബെസ്റ്റ് സോഷ്യല്‍ മീഡിയ വ്ലോഗര്‍ എന്നിങ്ങനെ ആകെ പതിനൊന്ന് കാറ്റഗറികളിലായി KLIBF മാധ്യമ അവാര്‍ഡ് നല്കുന്നതാണ്. മാധ്യമങ്ങളുടെ സഹകരണം കൊണ്ടുകൂടിയാണ് കഴിഞ്ഞ പുസ്തകോത്സവങ്ങള്‍ വിജയിച്ചത്. ഇത്തവണയും ആ സഹകരണം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *