കൊവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി പൊലീസ് . എന്നാൽ കഴിഞ്ഞയാഴ്ചത്തേതിൽ നിന്ന് വ്യത്യസ്തമായി തമിഴ് നാട്ടിൽ നിന്ന് വരുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. ചരക്ക് വാഹനങ്ങളും അത്യാവശ്യ യാത്രക്കാരും മാത്രമാണ് ഇതുവഴി എത്തുന്നത്.
കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ളതിനാൽ വാളയാര്‍ അതിര്‍ത്തിയിലും കേരള പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ സാധ്യയുള്ളതിനാലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം പാലക്കാട് നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രധാന സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകൾ സര്‍വ്വീസ് നടത്തുന്നുണ്ട്.