അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് മമ്മുട്ടി. കുടുംബത്തിന് നിയമപരമായ വശങ്ങൾ പരിശോധിക്കാൻ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബേർട്ട് കുര്യാക്കോസ് അറിയിച്ചു.

മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടിയുടെ നിർദേശപ്രകാരം റോബേർട്ട് മധുവിന്റെ കുടുംബാം​ഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഇത് കൂടാതെ സംസ്ഥാന നിയമമന്ത്രി പി രാജീവുമായും മമ്മൂട്ടി ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കുമെന്നും ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടുമെന്നും അദ്ദേഹം മമ്മൂട്ടിക്ക് ഉറപ്പ് നൽകി. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവർ അറിയിക്കുകയായിരുന്നുവെന്ന് റോബേർട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ,മമ്മൂക്കയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാന്ഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു അദ്ദേഹം എനിക്ക് തന്നിരുന്ന കർശന നിർദ്ദേശം.
സംസ്ഥാന നിയമമന്ത്രി ശ്രീ പി രാജീവിനെയും അദ്ദേഹം അന്ന് തന്നെ ബന്ധപ്പെട്ടിരുന്നു .പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മുക്കക്ക് ഉറപ്പും കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് കൊടുത്തു. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി.
തുടർന്ന്, നിയമസഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച് അത് ലഭ്യമാക്കാൻ ഉള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനോ അല്ലങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം.
മധുവിനു നീതി ഉറപ്പ് വരുത്തുവാൻ.. കേസ് സുഗമായി കൊണ്ടുപോകുവാൻ ആ കുടുംബത്തിനും സർക്കാർ ശ്രമങ്ങൾക്കുമൊപ്പം മമ്മൂക്കയുടെ കരുതൽ തുടർന്നും ഉണ്ടാവുമെന്ന് എല്ലാവരെയും പോലെ എനിക്കും ഉറപ്പുണ്ട്
(Nb:സർക്കാർ തന്നെ ആണ് കേസ് നടത്തുന്നത്. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് അദ്ദേഹം ലഭ്യമാക്കുക )

Leave a Reply

Your email address will not be published. Required fields are marked *