നടി അക്രമിക്കപ്പെട്ട കേസില്‍ നാല് വര്‍ഷം മുന്‍പ് താന്‍ പറഞ്ഞത് തന്‍റെ ഇപ്പോഴത്തെ പ്രതികരണം എന്ന നിലയില്‍ സംസാരിക്കുന്ന ദൃശ്യം ഇല്ലാതെ ശബ്‍ദം മാത്രമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നതായി നടനും സംവിധായകനുമായ ലാല്‍ . ഇതു കേള്‍ക്കുന്ന പലരും അസഭ്യവര്‍ഷം ചൊരിയുകയാണെന്നും ലാല്‍ പറയുന്നു. കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലാലിന്റെ വിശദീകരണം

ഫേസ്ബുക്ക് കുറിപ്പ്

പ്രിയ നടി എന്‍റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാല് വര്‍ഷത്തോളമാവുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്‍റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടിവന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല. കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതു തന്നെയാണ്. എന്നാല്‍ നാല് വര്‍ഷം മുന്‍പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു.

ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ കാരണം അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ എന്‍റെ ശബ്‍ദം മാത്രമായി ഇന്ന് ഞാന്‍ പറയുന്ന അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുപാട് പേര്‍ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും ചിലര്‍ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലര്‍ അസഭ്യവര്‍ഷങ്ങളും എന്‍റെ മേല്‍ ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായതുകൊണ്ടുമാണ്.

ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസ് ഉണ്ട്, നിയമമുണ്ട്, കോടതിയുണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷേ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്‍താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ല.

എന്‍റെ ഈ കുറിപ്പ് കണ്ടതിനു ശേഷം ‘അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു’ എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാര്‍ത്തകളില്‍ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യര്‍ഥിച്ചുകൊണ്ട്, യഥാര്‍ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടെ.. ഇരയ്ക്ക് നീതി ലഭിക്കട്ടെ.. പ്രാര്‍ഥനകളുമായി, ലാല്‍.

Leave a Reply

Your email address will not be published. Required fields are marked *