കൃഷി മന്ത്രിയുടേയും സംഘത്തിന്റേയും ഇസ്രായേൽ യാത്ര മാറ്റിവെച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരമാണ് കൃഷിമന്ത്രിയുടെയും സംഘത്തിന്‍റെയും യാത്ര മാറ്റിയത്. രണ്ടുമാസം കഴിഞ്ഞ് യാത്രയെക്കുറിച്ച് തീരുമാനമെടുത്താൽ മതിയെന്നാണു മുഖ്യമന്ത്രി നിർദേശിച്ചത്. ഫെബ്രുവരി 12 മുതൽ 19 വരെയായിരുന്നു യാത്രാപരിപാടി.കൃഷി മന്ത്രിയ്ക്കൊപ്പം ഉദ്യോഗസ്ഥരും കർഷകരും സംഘത്തിലുണ്ടായിരുന്നു. ആധുനിക കൃഷി രീതികൾ പഠിക്കാനായിരുന്നു യാത്ര . ഇസ്രായേലിലെ ചില പ്രദേശങ്ങളിൽ സംഘർഷാവസ്ഥ ചൂണ്ടിക്കാട്ടി യാത്ര മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം.ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസിലാക്കാനാണ് സംഘം പോകാൻ പദ്ധതിയിട്ടിരുന്നത്. കാര്‍ഷിക മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ഇസ്രായേലിലുള്ളത്. വാട്ടര്‍ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരമായിരുന്നു യാത്ര.

Leave a Reply

Your email address will not be published. Required fields are marked *