മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖത്തടിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌ത് ബംഗാൾ ബി ജെ പി അധ്യക്ഷൻ സുകാന്ത മജുംദാർ.സംസ്ഥാന വിദ്യാഭ്യാസ നയത്തിനെതിരെ നടത്തിയ പ്രതികരണത്തിനിടെയാണ് വിവാദ പരാമർശം.വീഡിയോ വൈറൽ ആയതോടെ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മജുംദാർ മാപ്പ് പറയണമെന്ന് ടിഎംസി ആവശ്യപ്പെട്ടു.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഥുരാപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾക്ക് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിയുന്നില്ല. എന്തിനാണ് സ്കൂളിൽ പോകുന്നതെന്നും പഠിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ച് നിങ്ങൾ കുട്ടികളെ തല്ലും. നന്നായി പഠിക്കാൻ കഴിയാത്തത് കുട്ടികളുടെ കുഴപ്പമില്ല, അവരെ തല്ലുന്നതിനു പകരം മുഖ്യമന്ത്രി മമത ബാനർജിയെ വേണം തല്ലാൻ. കാരണം വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തത് അവരാണ്’-മജുംദാർ പറഞ്ഞു.

മജുംദാറിൻ്റെ പരാമർശം വിവാദമായതോടെ ടിഎംസി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ ശാരീരിക ആക്രമണത്തിനുള്ള ആഹ്വാനമാണ് പ്രസ്താവന. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ മാപ്പ് പറയണമെന്നും ടിഎംസി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *