കോഴിക്കോട് എയർപോർട്ട് വഴി ഹജ്ജിന് പോകുന്നവരിൽ നിന്ന് വിമാന ചാർജ്ജിനത്തിൽ അമിത നിരക്ക് ഈടാക്കുന്നതിനുള്ള എയർ ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിലുള്ള ആശങ്ക ബോധ്യപ്പെടുത്താൻ കേന്ദ്ര വ്യോമയാന, ഹജ്ജ് കാര്യ വകുപ്പ് മന്ത്രിമാരെ നേരിൽ കാണുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. കരിപ്പൂർ വിമാനത്താവളം എംബാർകേഷൻ പോയിൻ്റായി തെരഞ്ഞെടുത്ത ഹാജിമാരിൽനിന്ന് കൊച്ചി, കണ്ണൂർ എയർപോർട്ടുകളിൽ നിന്നുള്ളതിനേക്കാൾ മുക്കാൽ ലക്ഷത്തോളം രൂപ അധികമായി ഈടാക്കുന്നത് സംബന്ധിച്ച് പിടിഎ റഹീം എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2024 ലെ ഹജ്ജ് കർമ്മത്തിനായി മൊത്തം 24784 പേരാണ് കേരളത്തിൽ നിന്നും അപേക്ഷ സമർപ്പിച്ചിരുന്നത്. ഇതിൽ 16776 പേരാണ് ഹജ്ജ് കർമ്മത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്നും കോഴിക്കോട്, കൊച്ചി, കണ്ണൂർ എയർപോർട്ടുകളാണ് ഹജ്ജ് എംബാർകേഷൻ പോയിൻ്റുകളായി നിശ്ചയിച്ചിട്ടുള്ളത്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ ഹാജിമാർ എംബാർകേഷൻ പോയിൻ്റായി തെരഞ്ഞെടുത്തിട്ടുള്ളത്. 14464 പേർ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്താണ് ഹജ്ജ് ഹൗസും പുതുതായി നിർമ്മിച്ച വനിതകൾക്കുള്ള ബ്ലോക്കും സജ്ജീകരിച്ചിട്ടുള്ളത്. എന്നാൽ കൊച്ചി, കണ്ണൂർ എയർപോർട്ടുകളെക്കാൾ കോഴിക്കോട് നിന്നും മുക്കാൽ ലക്ഷത്തോളം രൂപ ഹജ്ജിനുള്ള വിമാനയാത്രാ ചെലവിനത്തിൽ അധികമായി ഈടാക്കുന്നതിനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. ലഭ്യമായ വിവരമനുസരിച്ച് കേരളത്തിലെ വിവിധ എംബാർകേഷൻ പോയിൻ്റുകളായ കോഴിക്കോട് നിന്നും 165000 രൂപ, കൊച്ചി 86000, കണ്ണൂർ 86000 രൂപ എന്നീ നിരക്കുകളിലാണ് വിമാന ചാർജ്ജായി ഈടാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. കൊച്ചി, കണ്ണൂർ എംബാർകേഷൻ പോയിൻ്റുകളേക്കാൾ 79000 രൂപ കോഴിക്കോട് വിമാനത്താവളം വഴി പോകുന്നവർ കൂടുതലായി നൽകേണ്ടിവരും. ദൂരപരിധി മാനദണ്ഡമാക്കുകയാണെങ്കിൽ കേരളത്തിൽ നിന്നുള്ള മൂന്ന് എംബാർകേഷൻ പോയിൻ്റുകളിൽ നിന്നും ഏകീകൃതമായ ചാർജ്ജാണ് ഈടാക്കേണ്ടത്. ന്യായ രഹിതവും തീർത്ഥാടകർക്ക് സാമ്പത്തികമായി താങ്ങാൻ കഴിയാത്തതുമായ ഈ തീരുമാനം പുനപരിശോധിക്കാൻ ആവശ്യമായ പരിഹാര നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി, കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് ഇതിനോടകം തന്നെ കത്തയച്ചിട്ടുണ്ടെന്നും മന്ത്രി തുടർന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *