ബാലരാമപുരം കോട്ടുകാൽക്കോണത്ത് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു.
വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പൊലീസ്. രണ്ട് ദിവസം മുൻപ് വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്നും സമാനമായ നിലയിൽ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞിൻ്റേത് കൊലപാതകമെന്ന് ഉറപ്പിച്ച പൊലീസ് നാല് പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നുണ്ട്. കുഞ്ഞിൻ്റെ മാതാപിതാക്കളെയും അമ്മയുടെ അമ്മയെയും സഹോദരനെയുമാണ് ചോദ്യം ചെയ്യുന്നത്.ബാലരാമപുരത്ത് ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു (2 ) മരിച്ചത്. ശ്രീതുവിൻ്റെ അച്ഛൻ 16 ദിവസം മുൻപാണ് മരിച്ചത്. ഇതിന് ശേഷമാണ് വീട്ടുകാർ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ശ്രീതുവും ശ്രീജിത്തും ശ്രീതുവിൻ്റെ സഹോദരനും അടക്കം ഇപ്പോൾ പൊലീസ് സ്റ്റേഷനിലുണ്ടെന്നാണ് വിവരം.ബാലരാമപുരത്ത് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മുത്തശി നേരത്തെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവർ ഞരമ്പ് മുറിക്കുകയും കിണറ്റിൽ ചാടുകയും ചെയ്തുവെന്നും നാട്ടുകാർ ആരോപിക്കുന്നു.ഇന്ന് രാവിലെയാണ് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പുലർച്ചെ ഇവരുടെ വീട്ടിൽ തീപിടിത്തമുണ്ടായിരുന്നു. ശ്രീതുവിൻ്റെ സഹോദരൻ്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. തൻ്റെ സഹോദരൻ്റെ മുറിയിലാണ് കുഞ്ഞുണ്ടായിരുന്നതെന്നും പുലർച്ചെ അഞ്ചരയോടെ താൻ ശുചിമുറിയിലേക്ക് പോയപ്പോൾ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെന്നും ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *