ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നടന്‍ ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ). ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളോട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോയിലൂടെ കുഞ്ചാക്കോ ബോബൻ അഭ്യർഥിച്ചു. ‘എല്ലാവർക്കും നമസ്കാരം, ഏപ്രില്‍ 26നാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തം. വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഞാന്‍ പങ്കാളിയാവുന്നുണ്ട്. അതുപോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി ഈ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകുവാന്‍ അഭ്യർഥിക്കുന്നു’ എന്നുമാണ് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ വീഡിയോയില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്.രാജ്യത്ത് ഏഴ് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ആദ്യ രണ്ട് ഘട്ടങ്ങളുടെ വിജ്ഞാപനം വന്നുകഴിഞ്ഞു. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *