തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും. ഉച്ചയ്ക്ക് 12 മണിയോടെ പത്രിക നല്‍കുമെന്നാണ് സൂചന. തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും വിജയ് പങ്കെടുക്കും. രണ്ട് മണിയ്ക്ക് പെരമ്പൂരില്‍ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും.

അതേസമയം, തിരഞ്ഞെടുപ്പിനുള്ള പ്രകടന ഡിഎംകെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പത്രിക പുറത്തിറക്കിയത്. ആദായ നികുതി അടയ്ക്കാത്ത സ്ത്രീകള്‍ക്ക് ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 8000 രൂപയുടെ കൂപ്പണ്‍ നല്‍കുന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. നിലവിലുള്ള ക്ഷേമപദ്ധതികളുടെ തുക വര്‍ധിപ്പിയ്ക്കുകയും ചെയ്യും. എം കനിമൊഴി എംപി അധ്യക്ഷയായ സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്.

രണ്ട് കോടിയോളം സ്ത്രീകള്‍ക്ക് ഗുണകരമാകുന്നത് ഇല്ലത്തരസി എന്ന് പേരിട്ട പദ്ധതി. വീട്ടിലേയ്ക്ക് ഇലക്ട്രിക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനോ നിലവിലുള്ളവ മാറ്റുന്നതിനോ എണ്ണായിരം രൂപയുടെ കൂപ്പണ്‍ നല്‍കുന്നതാണ് പദ്ധതി. സൗജന്യം നല്‍കുകയല്ലെന്നും സാധാരണക്കാരുടെ ആസ്തി വര്‍ധിപ്പിയ്ക്കുകയാണ് ലക്ഷ്യമെന്നും കനിമൊഴി എംപി പറഞ്ഞു. അഞ്ചാം ക്ലാസ് വരെ നടപ്പാക്കിയിരുന്ന പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. സ്ത്രീകള്‍ക്ക് പ്രതിമാസം നല്‍കിയിരുന്ന ആയിരം രൂപ രണ്ടായിരമാക്കി ഉയര്‍ത്തി. പഠനം കഴിഞ്ഞും ജോലി ലഭിക്കാത്തവര്‍ക്ക് നല്‍കിയിരുന്ന 1000 ആയിരം രൂപ സ്റ്റെപ്പെന്‍ഡ് 1500 രൂപയാക്കും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പെന്‍ഷന്‍ 2000 രൂപയാക്കും. മത്സ്യതൊഴിലാളികള്‍ക്ക് ട്രോളിങ്ങ് നിരോധന സമയത്തെ സഹായ തുക 9000 രൂപയാക്കും. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *