പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവ്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്സോ കോടതി ശിക്ഷിച്ചത്.

2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസ വിദ്യാര്‍ത്ഥിയായ 11 കാരനെയാണ് അലിയാര്‍ പീഡനത്തിന് ഇരയാക്കിയത്. നിരവധി തവണ മദ്രസയിലെ മുറിയില്‍വെച്ച് പീഡിപ്പിച്ച ഇയാള്‍ ഫോണില്‍ കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണാനും നിര്‍ബന്ധിച്ചിരുന്നു. അലിയാര്‍ക്കെതിരെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ ശരിവെച്ചുകൊണ്ടായിരുന്നു കോടതി തടവ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2020 ജനുവരി 19 നായിരുന്നു ഇയാളെ പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം കുട്ടി സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ഇവര്‍ ഇത് മറ്റ് അദ്ധ്യാപകരോടും ചൈല്‍ഡ് ലൈനിനോടും പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ ആണ് അലിയാറെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *