സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസെടുത്തു.കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പൊലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.സിവികിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയിൽ സിവിക് ചേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ ആദ്യ പരാതിയെ തുടർന്നെടുത്ത കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. വിശദമായ വാദം കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുഖൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *