നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയിൽ നിന്ന് അമ്പതുലക്ഷം രൂപ വിലമതിക്കുന്ന പാൻമസാല പോലീസ് പിടികൂടി.വെള്ളിയാഴ്ച്ച പുലർച്ച രണ്ട് മണിയോടെ മതിലകം സി.കെ.വളവിൽ ദേശീയ പാതയിലാണ് അപകടം നടന്നത്.അപകടം നടന്നയുടനെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിനുശേഷം മതിലകം പോലീസെത്തി പരിശോധിച്ചപ്പോഴാണ് പാൻമസാല കണ്ടെത്തിയത്. മുകളിലത്തെ അട്ടിയിൽ പഞ്ചസാരയും അരിയും നിറച്ച ചാക്കുകൾ നിരത്തിയ ശേഷം അതിനടിയിലാണ് പാൻമസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്.നൂറിലധികം ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്.
പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാൻമസാലയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താനാണ് പാൻമസാല കൊണ്ടു പോയതെന്നും സംശയമുണ്ട്. കുന്നംകുളം സ്വദേശിയുടെതാണ് മിനിലോറി.രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.
