യൂട്യൂബ് നോക്കി മുന്തിരി വൈനുണ്ടാക്കിക്കൊണ്ടുവന്ന് 12കാരന്‍ സ്‌കൂളില്‍ വിളമ്പി. ദ്രാവകം കഴിച്ച് അവശ നിലയിലായ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച രാവിലെ സംഭവമുണ്ടായത്.

വീട്ടുകാര്‍ വാങ്ങി നല്‍കിയ മുന്തിര ഉപയോഗിച്ചാണ് 12കാരന്‍ യൂട്യൂബ് നോക്കി വൈനുണ്ടാക്കിയത്. ഇത് സ്‌കൂളില്‍ കൊണ്ടുവന്ന് കൂട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് ഉള്ളില്‍ചെന്ന് ഒരു വിദ്യാര്‍ത്ഥി ഛര്‍ദിച്ച് അവശനിലയിലായി. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പൊലീസ് സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരോടു വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാര്‍ഥിയുടെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പു നല്‍കിയതായും ചിറയിന്‍കീഴ് എസ്എച്ച്ഒ ജിബിമുകേഷ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതരും പറഞ്ഞു.

അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *