തിരുവനന്തപുരം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് നടപടി അസാധാരണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യത്തിന് തെളിവുകൾ ഉണ്ടായിരുന്നിട്ടും അന്വേഷണം ധൃതിപിടിച്ച് അവസാനിപ്പിച്ചത് ശരിയല്ലെന്നും, കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി ഡി സതീശൻ വിദേശത്തുപോയി ഫണ്ട് അഭ്യർത്ഥിക്കുന്നതിന്റെ വീഡിയോ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.

നിലവിലെ നിയമമനുസരിച്ച് വിദേശത്തുപോയി സാമ്പത്തിക സഹായം അഭ്യർത്ഥിക്കാൻ അനുമതിയില്ല. പ്രളയകാലത്ത് മുഖ്യമന്ത്രിക്ക് പോലും ഇതിന് അനുമതി ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിവിധ വ്യക്തികളിൽ നിന്നായി 22,500 പൗണ്ട് സമാഹരിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പണം വന്ന അക്കൗണ്ടിന്റെ കാര്യങ്ങൾ സതീശൻ തന്നെ മുൻപ് പറഞ്ഞിട്ടുള്ളതാണ്. കേസിൽ വഴിമധ്യേ അന്വേഷണം അവസാനിപ്പിച്ച് ക്ലീൻ ചിറ്റ് നൽകിയത് വലിയ തെറ്റാണ്. കേസ് തേച്ചുമാച്ചു കളയാനാണ് ശ്രമിക്കുന്നത്. ഇതിന് പിന്നിലെ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുനർജനി കേസിൽ വി ഡി സതീശനെതിരെ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ പ്രേരിതമായാണ് കേസ് എടുത്തതെന്നായിരുന്നു യുഡിഎഫ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *