മാനദണ്ഡം പാലിക്കാതെയാണ് തനിക്കെതിരെയുള്ള നടപടിയെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല. അവര്‍ നേതൃത്വത്തെ വിമര്‍ശിച്ച അത്രയുമൊന്നും താന്‍ പറഞ്ഞിട്ടില്ല. ഇപ്പോഴും എന്താണ് അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു.

എഐസിസി അംഗത്തിനെതിരെ നടപടി എടുക്കുമ്പോള്‍ എഐസിസിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോണ്‍ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. നൂറു കണക്കിന് ബ്ലോക്ക് പ്രസിഡന്ററുമാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടെന്നും കെ പി അനില്‍ കുമാര്‍ പ്രതികരിച്ചു. ഉള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞത് തെറ്റാണോയെന്നും രൂക്ഷമായി പ്രതികരിച്ച ഉമ്മന്‍ ചാണ്ടിയെ പുറത്താക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു. രണ്ട് തവണ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

പട്ടിക പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകും. പുതിയ പട്ടിക കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാല്‍, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ പറ്റുമോ? ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ല.

ഡി.സി.സി. പ്രസിഡന്റുമാരെ നിയമിക്കുമ്പോള്‍ ഒരു മാനദണ്ഡം വേണ്ടേ, ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്. പുതിയ ഡി സി സി അധ്യക്ഷന്‍മാരില്‍ ചിലരെങ്കിലും പെട്ടി പിടുത്തക്കാര്‍ തന്നെയാണെന്നും കെ പി അനില്‍ കുമാര്‍ പറഞ്ഞു.

സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയിട്ടും ഒരഭിപ്രായവും ചോദിച്ചില്ല. ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. എ വി ഗോപിനാഥിനെ പരിഗണിക്കാതിരിക്കാന്‍ പറയുന്ന ന്യായം എം ഡി അപ്പച്ചനും ബാധകമാവണമായിരുന്നു. സസ്‌പെന്‍ഷന്‍ കിട്ടിയതു കൊണ്ട് പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കില്ല. കുറേകാലമായി പാര്‍ട്ടി വേദികളില്‍ പറയാന്‍ കഴിയാതിരുന്നതാണ് ഇന്നലെ പറഞ്ഞത്. കുറേകാലമായി യോഗങ്ങള്‍ക്ക് വിളിക്കാറില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

എംപി, എംഎല്‍എ രാഷ്ട്രീയമാണ് ഇപ്പോള്‍ പാര്‍ട്ടിയിലെന്ന് കെ പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. ഭാരവാഹികളുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ല. പാര്‍ട്ടി ഭാരവാഹികള്‍ നോക്കുകുത്തിയായി മാറി. കോഴിക്കോട്ടെ കാര്യങ്ങള്‍ മുഴുവന്‍ തീരുമാനിക്കുന്നത് എംകെ രാഘവന്‍ എംപിയാണ്. ജില്ലയില്‍ മത്സരിച്ച മുഴുവന്‍ സീറ്റിലും തോല്‍ക്കാന്‍ കാരണം എംകെ രാഘവനാണെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ജയസാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളിലടക്കം തോറ്റു. താനല്ലാത്ത കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ വേണ്ടെന്ന നിലപാടാണ് എം കെ രാഘവന്. കോണ്‍ഗ്രസില്‍ തീരുമാനമെടുക്കാന്‍ എംപിമാരോടും എംഎല്‍എമാരോടും മാത്രം അഭിപ്രായം തേടുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തന്നെ പതനത്തിലേക്ക് നയിക്കും. സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല, കോണ്‍ഗ്രസിന്റെ നന്മയെക്കരുതിയാണ് പരസ്യവിമര്‍ശനമുന്നയിച്ചതെന്നും അനില്‍ കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയമടക്കം എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.

ഡിസിസി അധ്യക്ഷ പട്ടികയെക്കുറിച്ച് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുന്‍ എം.എല്‍.എ. കെ. ശിവദാസന്‍ നായരെയും കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാറിനെയും പാര്‍ട്ടിയില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ പി അനില്‍ കുമാര്‍ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *