ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായെന്ന് ബി.ജെ.പി വസ്തുതാന്വേഷണ സംഘം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കെ.സുരേന്ദ്രന്റെ രണ്ടിടത്ത് മത്സരിച്ച നടപടി പരിഹാസ്യമായെന്ന് കീഴ്ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയതായി വസ്തുതാന്വേഷണ സംഘം പറയുന്നത്.

താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി-സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചത്.

കീഴ്ഘടകങ്ങളില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു, സംഘപരിവാര്‍ ഏകോപനം തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല തുടങ്ങി ജില്ലകള്‍ തോറും യോഗങ്ങള്‍ വിളിച്ചുകൂട്ടിയ സമിതിക്ക് മുന്‍പാകെ വിമര്‍ശനകൂമ്പാരമാണുണ്ടായത്.

സുപ്രധാന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമമുണ്ടായെന്നും വസ്തുതാന്വേഷണ സംഘത്തിന് പരാതി ലഭിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് പക്വതക്കുറവുണ്ടായെന്നും കീഴ്ഘടകങ്ങള്‍ വിമര്‍ശിച്ചു. ബിഡിജെഎസ് നേതാക്കള്‍ പരസ്യമായി ഇടത് സ്ഥാനര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന പരാതിയും കീഴ്ഘടകത്തില്‍ നിന്നുയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ട് സംസ്ഥാന ഭാരവാഹി യോഗം ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *