ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി വിരുദ്ധതയ്ക്ക് അന്ത്യം കുറിക്കുന്നുവെന്നും ലോകായുക്ത ഭേദഗതി ജനാധിപത്യത്തിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.’ ലോകായുക്തയിലൂടെ ജനങ്ങളെ പരിപൂര്‍ണമായി നിശബ്ദമാക്കുകയാണ്. ലോകായുക്ത നിയമത്തിന്റെ ഹൃദയമാണ്. ആ ഹൃദയമാണ് കവര്‍ന്നെടുക്കുന്നത്’. ചെന്നിത്തല പറഞ്ഞു.
ഭേദഗതി കൊണ്ടുവന്നത് ആരെ കബളിപ്പിക്കാനാണ്. ഭേദഗതി നടപ്പാക്കുന്നത് മുഖ്യമന്ത്രിക്കെതിരായ കേസ് ഉള്ളതുകൊണ്ടാണെന്നും ലോകായുക്ത വിധിച്ചാല്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറേണ്ടി വരും എന്ന ഭയമാണ് പിണറായി വിജയനെന്നും മുന്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ക്രമ പ്രശ്നം തള്ളി സ്പീക്കര്‍ റൂളിംഗ് നല്കി. ബില്ലില്‍ ഓപ്പണ്‍ ചെയ്യാത്ത മൂലനിയമത്തിലെ വകുപ്പുകള്‍ക്ക് സബ്ജക്ട് കമ്മിറ്റി തലത്തില്‍ ഭേദഗതി നിര്‍ദ്ദേശം വരുന്നതിലും സഭ അത് പരിഗണിക്കുന്നതിലും ഏതെങ്കിലും തരത്തിലുള്ള അപാകം ഉള്ളതായി കാണുന്നില്ല. മുമ്പ് പല സന്ദര്‍ഭങ്ങളിലും ഈ രീതി സഭയില്‍ അവലംബിച്ചിട്ടുള്ളതായി കാണുന്നതിനാല്‍ ഉന്നയിച്ച ക്രമപ്രശ്നം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു സ്പീക്കറുടെ റൂളിംഗ്.
