വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നാം തിയ്യതി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവഹിക്കുമെന്ന് ഓണാഘോഷം വർക്കിംഗ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ ഒന്നിന് വൈകിട്ട് ആറ് മണിക്ക് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര താരങ്ങളായ പത്മശ്രീ ജയറാം, റിമ കല്ലിങ്കൽ എന്നിവർ മുഖ്യാതിഥികളാവും.

ഓണോഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിൽ ഏഴ് വേദികളിലായി വ്യത്യസ്തമായ കലാകായിക പരിപാടികളാണ് അരങ്ങേറുക.
ബീച്ച് ഫ്രീഡം സ്ക്വയർ, കുറ്റിച്ചിറ, ബേപ്പൂർ മിനി സ്റ്റേഡിയം, ടൗൺഹാൾ, തളി, ഭട്ട് റോഡ് ബീച്ച്, മാനാഞ്ചിറ എന്നിവയാണ് വേദികൾ.

പ്രധാന വേദിയായ ബീച്ച് ഫ്രീഡം സ്ക്വയറിൽ സെപ്റ്റംബർ ഒന്നിന് വൈകിട്ട് 5 മണി മുതൽ റിമ കല്ലിങ്കലിന്റെയും ചെമ്മീൻ ബാന്റിന്റെയും പരിപാടികളോടെ കലാമാമാങ്കത്തിനു തുടക്കമാകും. സെപ്റ്റംബർ രണ്ടിന് പ്രശസ്ത ഗായകൻ നരേഷ് അയ്യരുടെ ബാന്റ് മേളം, സെപ്റ്റംബർ മൂന്നിന് ഗായകൻ എം ജി ശ്രീകുമാറിന്റെ സംഗീത സദസ്സ് എന്നിവയും ഫ്രീഡം സ്ക്വയറിൽ നടക്കും.

ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ സെപ്റ്റംബർ ഒന്നിന് രാകേഷ് ബ്രഹ്മാനന്ദം എവർഗ്രീൻ സോങ്ങുകൾ അവതരിപ്പിക്കും. സെപ്റ്റംബർ രണ്ടിന് രഞ്ജിനി ജോസിന്റെ സംഗീത നിശയും സെപ്റ്റംബർ മൂന്നിന് കനൽ ബാന്റിന്റെ പ്രകടനവും ബേപ്പൂരിൽ അരങ്ങേറും.

സെപ്റ്റംബർ രണ്ടിന് സുമ പി ആർ നയിക്കുന്ന വീണ ഫ്യൂഷൻ, പ്രശസ്ത കർണാടിക് സംഗീതജ്ഞ എസ് ജെ ജനനിയുടെ ക്ലാസിക്കൽ മ്യൂസിക് അവതരണം എന്നിവയ്ക്ക് തളി വേദിയാകും. സെപ്റ്റംബർ മൂന്നിന് വിനീത നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടവും തളിയിൽ അരങ്ങേറും.

സെപ്റ്റംബർ രണ്ടിന് ഭട്ട് റോഡ് ബീച്ചിൽ പ്രയാൻ ബാന്റ് പെർഫോമൻസ് നടത്തും. സെപ്റ്റംബർ മൂന്നിന് സമീർ ബിൻസിയുടെ ഖവാലി, ദേവരാജന്റെ ‘ആനന്ദരാവ്’ തുടങ്ങിയ പരിപാടികളും ഭട്ട്റോഡ് ബീച്ചിൽ അരങ്ങേറും.

സെപ്റ്റംബർ രണ്ടിന് കുറ്റിച്ചിറയിൽ സരിത റഹ്മാൻ ഗസൽ അവതരിപ്പിക്കും. സെപ്റ്റംബർ മൂന്നിന് പ്രശസ്ത ഗായിക ചിത്രയുടെ പാട്ടുകൾ കോർത്തിണക്കി ചിത്ര @ 60 എന്ന പരിപാടിയും കുറ്റിച്ചിറയിൽ നടക്കും.

ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് മൂന്ന് തിയ്യതികളിൽ ടൗൺ ഹാളിൽ നാടകോത്സവം സംഘടിപ്പിക്കും. മറവ്, പേടി, ചിറക്, പണ്ട് രണ്ട് കൂട്ടുകാരികൾ, ഇമ്മള്, വെളു വെളുത്ത കറുപ്പ് എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക.

സെപ്റ്റംബർ ഒന്ന്, രണ്ട് മൂന്ന് തിയ്യതികളിൽ മാനാഞ്ചിറയിൽ തെയ്യം, ഓട്ടൻതുള്ളൽ, നാടൻപാട്ട്, ദഫ് മുട്ട്, മലങ്കരി തെയ്യം, നാഗഭൈരവൻ തെയ്യം, രാജസൂയം കോൽക്കളി, മാപ്പിളപ്പാട്ടുകൾ, പൂരക്കളി തുടങ്ങിയ നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും.

മാനാഞ്ചിറ ഡി ടി പി സി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ചെയർമാനും ഓണാഘോഷം പോഗ്രാം കമ്മിറ്റി ചെയർമാനുമായ എസ്.കെ സജീഷ്,
ഓണാഘോഷ കമ്മിറ്റി കൺവീനർ എ ഡി എം സി.മുഹമ്മദ് റഫീഖ്, പോഗ്രാം കമ്മിറ്റി കൺവീനർ പി നിഖിൽ, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടറും പോഗ്രാം കമ്മിറ്റി കോർഡിനേറ്ററുമായ കെ.ടി ശേഖർ, ഡി ടി പി സി സെക്രട്ടറിയും ഓണാഘോഷം കോർഡിനേറ്ററുമായ നിഖിൽ ദാസ് ടി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *