കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനത്തില്‍ രാഷ്ട്രീയ ആരോപണവുമായി സിപിഎം. പ്രതി അനൂപ് മാലിക് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. കേസ് എടുത്ത അനൂപ് മാലിക്കിന്റെ രാഷ്ട്രീയം പരിശോധിക്കണം. ഉത്സവങ്ങളും ആഘോഷങ്ങളോ അടുത്തൊന്നും ഇല്ല. ഇത്രയും മാരകമായ സ്ഫോടക വസ്തുക്കള്‍ എന്തിനാണ് നിര്‍മിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും കെകെ രാഗേഷ് ആവശ്യപ്പെട്ടു. സ്‌ഫോടനത്തില്‍ മരിച്ചയാള്‍ കിടന്നുറങ്ങുകയായിരുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ വീണാണ് മരണം സംഭവിച്ചത്. പൊട്ടിയത് പടക്കമോ ബോംബ് ആണോ എന്നതില്‍ വ്യക്തത ഇല്ല. പൊലീസ് കേസ് എടുത്ത വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക് ഏത് രാഷ്ട്രീയക്കാരന്‍ ആണെന്ന് അറിയില്ലെന്നും ഏത് രാഷ്ട്രീയമെന്നതില്‍ കാര്യമില്ലെന്നും കെ കെ രാഗേഷ് പ്രതികരിച്ചു.

അതേസമയം കണ്ണപുരം സ്‌ഫോടനത്തില്‍ പൊലീസിന്റെ പിഴവിനെയാണ് ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തുന്നത്. പൊലീസിന്റെ ഭാഗത്തുണ്ടായത് വീഴ്ച്ചയാണ്. കൃത്യമായ അന്വേഷണം നടക്കണം. പ്രതി മുന്‍പും സമാനമായി സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചു. ആരാണ് എന്താണ് ചെയ്തത് എന്നറിയാത്ത അവസ്ഥ. മുക്കിലും മൂലയിലും ബോംബ് പൊട്ടി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടാകുന്നത് പൊലീസ് വീഴ്ചയാണ്. സ്‌ഫോടനം ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടം എന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചു. അനൂപ് എന്തിന് ബോംബ് നിര്‍മിച്ചുവെന്നും അയാളുടെ രാഷ്ട്രീയമെന്തെന്ന് പരിശോധിക്കണമെന്നും ഡിസിസി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

2016ല്‍ കണ്ണൂര്‍ പൊടികുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *