കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് ഐപിഎസ് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാള്‍. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
