സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ഇന്നും തുടരും.ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ആരംഭിച്ചത്. ഇന്ന് കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഹൗസും പൂട്ടി. ഇതിന്റെ നടപടിക്രമങ്ങള്‍ പോലീസും എന്‍.ഐ.എ ഉദ്യോഗസ്ഥരും പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്. എന്‍.ഐ.എയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടി.കേന്ദ്രം പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനെത്തുടർന്ന് നടപടികൾ സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. നിയമപരമായ നടപടികള്‍ മാത്രം സ്വീകരിക്കണമെന്നും വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അനാവശ്യ തിടുക്കം പാടില്ല. വർഗീയ സംഘർഷങ്ങൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്നതിലുൾപ്പെടെ സംസ്ഥാന സർക്കാർ മെല്ലെപോക്ക് സമീപനം സ്വീകരിച്ചെന്നു കെ സുരേന്ദ്രൻ.പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ നിയമപരമാവണമെന്ന മുഖ്യമന്ത്രി യുടെ പ്രസ്താവന അസംബന്ധം.നിയമപരമായാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.നടപടികള്‍ വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണ്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സി പി എമ്മിലേക്ക് ആകർഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *