കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടക്കാവ് പൊലീസാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാര്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇരുചക്രവാഹനങ്ങളിലും ഥാര്‍ ഇടിച്ചു. അപടകമുണ്ടാക്കിയ ശേഷം വാഹനം ഓടിച്ചുപോകുകയാണ് അശ്വന്ത് കോക്ക് ചെയ്തത്. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.
സംഭവത്തിന് പിന്നാലെ അപകടമുണ്ടായ വാഹനത്തിന്റെ ഉടമകള്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു
