തിരുവനന്തപുരം: മരുന്ന് പ്രതിസന്ധിയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ട് തട്ടിലെന്ന് വിവരം. ഉന്നതതല യോഗത്തില്‍ മന്ത്രിയും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായി. മരുന്നുകളുടെ കുറവുണ്ടെന്നും ഇല്ലാത്ത മരുന്നുകള്‍ ഉടന്‍ വാങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ മുരുന്ന് ക്ഷാമം മാധ്യമ സൃഷ്ടി ആണെന്നാണ് സെക്രട്ടറി ശര്‍മിള ദേവി ജോസഫിന്റെ നിലപാട്. ഇല്ലാത്ത മരുന്നുകള്‍ക്കായി ഉടന്‍ ടെണ്ടര്‍ വിളിക്കണമെന്ന് മന്ത്രി നിലപാടെടുത്തപ്പോള്‍ അടുത്ത ആഴ്ച കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ബോര്‍ഡ് കൂടാം എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.
സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധിയേ ഇല്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നിലപാട് മയപ്പെടുത്തി ചില മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. ഇന്നലെ ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് മന്ത്രിയും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായത്.
