കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അശ്വന്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. അശ്വന്ത് കോക്കിന്റെ ഥാര്‍ ജീപ്പില്‍ നിന്ന് എയര്‍ഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പിക്കളും പൊലീസ് കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാര്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇരുചക്രവാഹനങ്ങളിലും ഥാര്‍ ഇടിച്ചു. അപടകമുണ്ടാക്കിയ ശേഷം വാഹനം ഓടിച്ചുപോകുകയാണ് അശ്വന്ത് കോക്ക് ചെയ്തത്. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.

പൊലീസ് എത്തി വാഹനത്തില്‍ നിന്നിറക്കിയപ്പോള്‍ ലക്കുകെട്ട നിലയിലായിരുന്നു അശ്വന്ത്. ഇതിന് ശേഷം അശ്വന്തിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യപരിശോധനയില്‍ അശ്വന്ത് കോക്ക് മദ്യപിച്ചെന്ന് വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെ അപകടമുണ്ടായ വാഹനത്തിന്റെ ഉടമകള്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *