കാസർഗോഡ് അനന്തപുരത്ത് പൊട്ടിത്തെറിയുണ്ടായ ഫാക്ടറി പ്രവർത്തിച്ചത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് പ്രാഥമിക റിപ്പോർട്ട്. ബോയിൽ ഓപ്പറേറ്റർക്ക് ലൈസൻസ് വേണമെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു. അപകട സാധ്യതയുണ്ടെന്ന തൊഴിലാളികളുടെ മുന്നറിയിപ്പ് പോലും അവഗണിച്ചെന്നും റിപ്പോർട്ടിലുണ്ട്. അപകടം നടന്നയുടൻ തൊഴിലാളികൾ ആംബുലൻസിനായി കരയുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
27ന് വൈകിട്ട് ആറരയോടെയാണു വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡെക്കർ പാനൽ ഇൻഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്‌ലർ സ്ഫോടനം നടന്നത്. ഒരാൾ മരിക്കുകയും 8 തൊഴിലാളികൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അസം ഉദയ്ഗുരി ബിസ്‍ഖുട്ടി ചെങ്കൽമറെയിലെ നജീറുൽ അലിയാണ് (20) മരിച്ചത്.ഹാർ സ്വദേശികളായ അബ്ദുൽ (22) റാസ (24) അസം സ്വദേശികളായ കരിമുൽ (23) അബു താഹിർ (54) ഉമർഫാറൂഖ് (22) അബ്ദുൽഹാഷിം (35) ഇൻസാൻ (22) ഹാബിജുർ (19) എന്നിവർക്കാണു പരുക്കേറ്റത്.
അപകടത്തിൽ വൻശബ്ദമാണുണ്ടായത്. സമീപത്തെ വീടുകളിലും കെട്ടിടങ്ങളിലും ആഘാതമുണ്ടായി. ബോയ്‌ലറിന്റെ സേഫ്റ്റി വാൽവ് അര കിലോമീറ്റർ അകലെ ഒരു വീട്ടുപറമ്പിലേക്കു തെറിച്ചു വീണിരുന്നു. മർദം കൂടൂമ്പോൾ വാൽവ് സ്വയം അടയേണ്ടതാണ്. എന്നാൽ വാൽവ് അടിഞ്ഞില്ലെന്നു പറയുന്നു.
