കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് ഗോവയിൽ തുടക്കം. ഗ്രൂപ്പ് D-യിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയാണ് കൊമ്പന്മാരുടെ എതിരാളികൾ. ബാംബോളിമിലെ GMC അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 4:30 നാണ് മത്സരം.

ആദ്യമായി നേർക്കുനേർ വരുമ്പോൾ, ടൂർണമെൻ്റിൽ വിജയകരമായ ഒരു തുടക്കത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. കോൾഡോ ഒബീറ്റ, ടിയാഗോ ആൽവസ്, ജുവാൻ റോഡ്രിഗസ് എന്നിവരടക്കമുള്ള പുതിയ വിദേശ സൈനിംഗുകളും, ഇന്ത്യൻ യുവതാര നിരയും ഉൾപ്പെട്ട പരിഷ്കരിച്ച സ്ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിന് എത്തിയിരിക്കുന്നത്. മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ, മികച്ച പ്രകടനത്തോടെ മൂന്ന് പോയിൻ്റ് നേടാനാണ് ടീം ലക്ഷ്യമിടുന്നത്.

‘ടീം സജ്ജമാണ്, കളിക്കാർ നന്നായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ആദ്യ മത്സരങ്ങൾ എളുപ്പമാകില്ല. രാജസ്ഥാൻ യുണൈറ്റഡ് പ്രതിരോധത്തിൽ കെട്ടുറപ്പുള്ളവരാണ്, അത് ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രകടനം നൂറ് ശതമാനമായാൽ വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ’ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട മുഖ്യപരിശീലകൻ ഡേവിഡ് കാറ്റല പറഞ്ഞു.

അതേസമയം ‘ഈ ടൂർണമെൻ്റിൽ തുടക്കത്തിൽത്തന്നെ മൂന്ന് പോയിൻ്റുകൾ നേടുക എന്നതാണ് ലക്ഷ്യമെന്നും കളിക്കളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ആക്രമണ ഫുട്ബോൾ കളിക്കാനാണ് ശ്രമമെന്നും, ടീമിലുള്ള വിശ്വാസവും വിജയിക്കാനുള്ള മനോഭാവവും പ്രധാനമാനിന്നും’ നായകൻ അഡ്രിയാൻ ലൂണ കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് ഡി-യിൽ രാജസ്ഥാൻ യുണൈറ്റഡിന് പുറമെ എസ്.സി ഡൽഹി, മുംബൈ സിറ്റി എഫ്‌സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ മറ്റ് എതിരാളികൾ. പുതിയ ലക്ഷ്യങ്ങളോടും ശക്തമായ പോരാട്ടവീര്യത്തോടും കൂടി കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് മത്സരങ്ങളിൽ മികച്ച തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *