കൊച്ചിയില്‍ കാറപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന് കാരണമായ രീതിയില്‍ വാഹനത്തെ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്‍ ലഹരിക്ക് അടിമയെന്ന് കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു. സൈജുവിന്റെ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ചൂഷണം ചെയ്ത ആരെങ്കിലും പരാതിയുമായി രംഗത്തെത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത്തരം വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സൈജു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയാണ്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈജുവിന് നിരവധി നിയമ വിരുദ്ധ ഇടപാടുകളുണ്ട്. അത് പരിശോധിച്ച് വരികയാണ്. ലഹരി ഇടപാടുകളിലും സൈജുവിന് പങ്കുണ്ട്. ഇയാള്‍ ലഹരിക്ക് അടിമയാണ് എന്നും കമ്മീഷണര്‍ നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരിമരുന്നു നല്‍കി യുവാക്കളെയും യുവതികളെയും കുറ്റകൃതൃങ്ങള്‍ക്കു പ്രേരണ നല്‍കുന്ന രീതിയാണ് സൈജു എം.തങ്കച്ചന്‍ പ്രകടിപ്പിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ബന്ധം പുലര്‍ത്തുന്നവരെ ലഹരി ഇടപാടുകള്‍, ലഹരി ഉപയോഗം എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും പിന്നീട് ബ്ലാക്മെയില്‍ ചെയ്തിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ശ്രമം മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ പ്രതിരോധിച്ചതാണ് രാത്രിയില്‍ കാറില്‍ പിന്തുടരാനും അപകടത്തിന് ഇടയാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *