തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്ന സംഭവത്തിൽ യുവാവിന്റെ കൊലപാതകം ആസൂത്രിതമെന്ന് ആരോപണം.കൊല്ലപ്പെട്ട അന്ന് പുലര്‍ച്ചെ അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ മാതാപിതാക്കൾ പറഞ്ഞു.
പുലര്‍ച്ചെയാണ് അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നത് . ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ട്. ഫോണ്‍കോള്‍ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്. എന്നാല്‍ എപ്പോഴാണ് അനീഷ് വീട്ടില്‍ നിന്നും പോയതെന്ന് തങ്ങള്‍ക്ക് അറിയില്ല. പൊലീസ് വന്നുപറയുമ്പോഴാണ് മകന്‍ വീട്ടിലില്ലെന്ന കാര്യം അറിയുന്നതെന്ന് അനീഷിന്റെ മാതാപിതാക്കളായ ജോര്‍ജും ഡോളിയും പറയുന്നു.
പ്രതിയായ സൈണ്‍ ലാലന്‍ കുടുംബവുമായി പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ അനീഷിനെ വിളിക്കുമായിരുന്നു. മുമ്പ് സൈമണിന്റെ വീട്ടിലെ കുടുംബവഴക്കില്‍ അനീഷ് ഇടപെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് അനീഷിന്റെ മാതാപിതാക്കള്‍ സൂചിപ്പിച്ചു.
ഇരുവീട്ടുകാര്‍ക്കും പരസ്പരം പരിചയമുണ്ട്. അനീഷ് മുമ്പും ആ വീട്ടില്‍ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളനെന്ന് വിചാരിച്ചാണ് കുത്തിയതെന്ന പ്രതി സൈമണിന്റെ വാദം കളവാണ്. സൈമണ്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓര്‍ത്താണ് സഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു. അച്ഛന്‍ ലാലന്‍ പ്രശ്‌നക്കാരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ലെന്നും ഡോളി പറഞ്ഞു.
സംഭവത്തിന് തലേദിവസം പെണ്‍കുട്ടിയും സഹോദരിയും അമ്മയും അനീഷിനൊപ്പം ലുലുമാള്‍ സന്ദര്‍ശിച്ചിരുന്നതായും വ്യക്തമായി. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്