പത്തനംതിട്ട: മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജൻ. കല്ലുപ്പാറ സ്വദേശി ബിനു സോമനാണ് ഇന്നലെ മരിച്ചത്. മോക്ഡ്രില്ലിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ച്ചയാണ് യുവാവിന്റ മരണത്തിന് കാരണമെന്നുള്ള ആരോപണം ശക്തമായതോടെയാണ് മന്ത്രിയുടെ ഇടപെടൽ.ദേശീയ ദുരന്ത നിവാരണ അതോറിട്ടി ഇന്നലെ തിരുവല്ല വെണ്ണിക്കുളത്ത് സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെയാണ് കല്ലൂപ്പാറ സ്വദേശി ബിനു സോമൻ പുഴയിൽ മുങ്ങിത്താണത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ യുവാവ് മരിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ബിനു സോമനെ രക്ഷപെടുത്താൻ വൈകിയതാണ് മരണത്തിന് കാരണമെന്ന് ബിനുവിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തവർ ആരോപിച്ചു.
പടുതോട് പാലത്തിന് മുകളിൽ പുറമറ്റം പഞ്ചായത്തിലെ കടവിൽ കുറച്ചുപേർ ഒഴുക്കിൽപ്പെടുന്ന രംഗമാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. ബിനു ഉൾപ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിർവശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവിൽനിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങൾ യന്ത്രവത്കൃത ബോട്ടിൽ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ.
എന്നാൽ വെള്ളത്തിൽ ഇറങ്ങിയ ബിനു സോമൻ യഥാർഥത്തിൽ മുങ്ങിത്താണു. വെപ്രാളത്തിൽ ഇയാൾ പലവട്ടം കൈകൾ ഉയർത്തിയെങ്കിലും അഭിനയമാണെന്നാണ് കരയിൽ നിന്നവർ കരുതിയത്. ലൈഫ് ബോയ് എറിഞ്ഞുകൊടുത്തെങ്കിലും പിടിക്കാനാവാതെ താഴുകയായിരുന്നു.
